Tuesday, July 23, 2019

കഥയിലെ പെൺകുട്ടി



കഥയിലെ പെൺകുട്ടി

കഴിഞ്ഞ ജന്മം അവളൊരു പെൺകുട്ടിയായിരുന്നു. ഒരു സാധാരണ പെൺകുട്ടി. പുഴയിലൂടെ അജ്ഞാതയായി ഒഴുകും മുൻപ്, അടുത്ത ജന്മം ഒരു കഥയിലെ പെൺകുട്ടിയായെങ്കിൽ എന്നവൾ ആഗ്രഹിച്ചു.
ഈ ജന്മം അവളൊരു പെൺകുട്ടിയാണ്. കഥയിലെ പെൺകുട്ടി. ആരോ എഴുതിയ ഏതോ കഥയിലെ ഒരു പെൺകുട്ടി. ആധുനിക കഥയിലെ പെൺകുട്ടി.
അർത്ഥമില്ലാത്ത അനേകായിരം ശബ്ദങ്ങൾക്കിടയിൽ അവൾക്കു ശ്വാസം മുട്ടി. പരസ്പര ബന്ധമില്ലാത്ത വാക്കുകളിലൂടെ അവളോടി. കഥയില്ലായ്മയിൽ തട്ടി അവൾ വീണു. അക്ഷരങ്ങൾ കൊണ്ടവൾക്കു മുറിവേറ്റു, ചോര പൊടിഞ്ഞു.
തുടക്കമോ ഒടുക്കമോ ഇല്ലാത്ത കഥയുടെ ഇടയിലെവിടെയോ അവൾ ഒഴുകി, പുഴയിലൂടെ, അജ്ഞാതയായി...
അവളൊരു പെൺകുട്ടിയായിരുന്നു. കഥയിലെ പെൺകുട്ടി. ആധുനിക കഥയിലെ പെൺകുട്ടി. ഈ കഥയിലെ പെൺകുട്ടി.

-----Anonymous-----

No comments:

Post a Comment