Wednesday, April 18, 2018

കുടജാദ്രിയിൽ കുട ചൂടുമാ.....

സത്യത്തിൽ, ഇതൊരു failed കുടജാദ്രി അഥവാ successful മൂകാംബിക - പയ്യന്നൂർ (തീർത്ഥാടന) യാത്രയുടെ കഥയാണ്.....എന്താല്ലേ.....!!!!!

                                                    *     *     *     *     *
ആദ്യദിനം

പെസഹ വ്യാഴത്തിൻ്റെ അന്ന് വെളുപ്പിന് അഞ്ച് മണിക്ക് ഇറങ്ങി, കാറിലാണേ...music system നന്നാക്കി വെച്ചിരുന്നു, പക്ഷേ, husband മുന്നിലിരുന്ന് എൻ്റെ favourite പാട്ടുകൾ എല്ലാം next അടിച്ചു കളഞ്ഞു, ശ്ശേ.....ഞാൻ പുറകിലെ സീറ്റിൽ അമ്മയുടേയും അമ്മായിയമ്മയുടേയും നടുവിലായോണ്ട് ഉറക്കോം ശരിയായില്ല, നല്ല പോലെ വിശക്കേം ചെയ്തു...കോഴിക്കോടെത്തിയിട്ടേ കഴിച്ചുള്ളൂ....ഒരു ശ്രീ ശ്രീ അന്നപൂർണ്ണ...നല്ല മസാലദോശയും വടയും ആയിരുന്നു..
ചെറുതായൊന്ന് മയങ്ങി കണ്ണ് തുറന്ന് സ്ഥലപ്പേര് വായിച്ച ഞാൻ ഞെട്ടി, കൊല്ലം!!! വടക്കോട്ടല്ലേ നമുക്ക് പോകേണ്ടിയിരുന്നത്..എൻ്റെ  വിജ്രംബിച്ച മുഖം കണ്ടിട്ട് അമ്മ പറഞ്ഞു ഇത് വേറെ കൊല്ലം...കൊല്ലം പിഷാരിക്കാവ്.. പ്ളിങ്ങ്...
 അവിടം വരെ കൂളായി പോയി, അതു കഴിഞ്ഞ് അങ്ങ് block തുടങ്ങി, ഹൊ....blockൽ നിന്ന് രക്ഷപ്പെടാൻ short cut പിടിച്ചപ്പം അവിടെ അതിലും വലിയ block.....ഒരു വിധത്തിലാണ് പയ്യന്നൂരൊക്കെ എത്തിയത്.
ഞാൻ ആ ഭാഗത്തേക്കൊക്കെ ആദ്യായിട്ടാ പോണേ..എന്ത് ചൂടാ അവിടൊക്കെ...കടകളും വീടുകളും ഒക്കെ വളരെ കുറവ്. വരണ്ട പ്രദേശങ്ങളാണ് മുഴുവനും, നീണ്ടു കിടക്കുവാണ്. മരങ്ങളും ചെടികളും ഒക്കെ ഉണങ്ങി നിൽക്കുന്നു. കാറിൽ എസിയിൽ ഇരിക്കുമ്പോഴും പുറത്തെ ചൂട് കാഴ്ചയിൽ തന്നെ അനുഭവപ്പെടുന്നുണ്ടായിരുന്നു...
പയ്യന്നൂർ bombay ഹോട്ടലിൽ ആയിരുന്നു lunch. അവിടെ കറികൾക്ക് minimun number limit ഉണ്ടന്ന് തോന്നുന്നു, എണ്ണം തികയ്ക്കാൻ വേണ്ടി ഒരുപാട് പേരറിയാത്ത സാധനങ്ങൾ നിരത്തിയിരുന്നു. ഒരെണ്ണം കുറുകിയ സാമ്പാർ പോലിരുന്നു. ഞാൻ അത് ഒഴിച്ച് വെടിപ്പായി കഴിച്ചു തുടങ്ങി, അപ്പൊ ദാണ്ടെ വരണു waiter സാമ്പാറും കൊണ്ട്!!!
കർണ്ണാടക അടുത്തപ്പോഴേക്കും സ്ഥലപ്പേരൊക്കെ വിചിത്രമായിത്തുടങ്ങി. ടോൾ പിന്നിട്ടപ്പോഴേക്കും സന്ധ്യയാവാറായിരുന്നു...അവിടുന്നങ്ങോട്ട് ഓരോ മുക്കിനും ടോൾ...
പിന്നെ വന്ന ഒരു ഹോട്ടലിൽ ചായ കുടിക്കാൻ കയറി. കഴിക്കാൻ ഒരുപാട് സാധനങ്ങൾ നിരത്തിയിരുന്നു, ഒരൊറ്റയെണ്ണത്തിന്റെ പേരറിഞ്ഞൂടാ, ഒന്നും മുമ്പ് കണ്ടിട്ടുമില്ല...ഞാൻ ടോയിലറ്റിൽ പോയിട്ടു വന്നപ്പോഴേക്കും എന്തോ ഒരുണ്ട അവിടിരിപ്പുണ്ടായിരുന്നു. എന്താണെങ്കിലും കഴിച്ചു,അവിടുന്നിറങ്ങി....മൂകാംബികയിലേക്കുള്ള, കാട്ടിലൂടെയുള്ള വഴിയിലേക്കു കയറിയപ്പോഴേക്കും നല്ല ഇരുട്ടായി. കാണാൻ ഭംഗിയുള്ള വഴിയായിരിക്കണം, പക്ഷേ കടയോ വീടോ വഴിവിളക്കോ യാതൊന്നുമില്ല..
ഞങ്ങൾ book ചെയ്തിരുന്ന room അമ്പലത്തിനോട് വളരെ അടുത്തായിരുന്നു.-ശ്വേത. അതുകൊണ്ടു തന്നെ അതിനടുത്തേക്ക് കാർ കൊണ്ടുപോകാൻ പറ്റില്ല.....പക്ഷേ, അവിടേക്കെത്താൻ വേറെ വഴിയുണ്ടത്രേ...അവർ ഒരു ബൈക്കുകാരനെ ഞങ്ങളുടെ മുമ്പിൽ വഴി കാണിക്കാൻ വിട്ടു..ഈ വളഞ്ഞു മൂക്കിൽ പിടിക്കുന്നതിൻ്റെ ഇത്ര വിപുലമായ പ്രായോഗിക രൂപം ആദ്യമായാണ് കണ്ടത്..ഒരു മിനിറ്റിൽ നടന്നു കേറാവുന്ന സ്ഥലത്തേക്ക്, കാട്ടിനുള്ളിലൂടെ 10 മിനിറ്റ് drive..WOW...
മുറിയിൽ എത്തിയപ്പോൾ സമയം 8.15. ഒമ്പതു മണിക്ക് നടയടയ്ക്കും എന്ന് സംശയം ഉള്ളതിനാൽ ചടപടേന്ന് കുളിക്കലും ഒരുക്കവും കഴിഞ്ഞ് 8.45 ആയപ്പോഴേക്കും എല്ലാവരും തയ്യാറായി. (ഞാൻ സെറ്റോ സാരിയോ ഉടുക്കാത്തത് ഭാഗ്യം..!!) ഇതിനിടയിൽ മുറിയിൽ ഒളികാമറ ഉണ്ടോ എന്നൊക്കെ പരിശോധിച്ചൂട്ടോ(ഹോ, ജീവിതത്തിൽ ഫേസ്ബുക്കിൻ്റെ കടന്നുകയറ്റം!!)
അങ്ങനെ മൂകാംബിക അമ്പലത്തിനു മുന്നിലെത്തി, മുറിയിൽ നിന്നിറങ്ങുന്നത് അമ്പലത്തിനു മുറ്റത്തേക്കാണ് ട്ടോ. ഉള്ളിൽ കടന്നപ്പോൾ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന queue!!!!!!!! എന്തായാലും കേറി നിന്നു. അസഹ്യമായ ചൂട്, യാത്രാക്ഷീണം, വിശപ്പ്, തലവേദന, പോരാഞ്ഞ് ചുറ്റും പല ഭാഷകൾ സംസാരിക്കുന്ന ആളുകൾ, ബഹളം (മാലയിലൊക്കെ മുറുക്കെ പിടിച്ചാ നിന്നത്).
husband രസീത് counter നോക്കിപ്പോയപ്പോൾ എൻ്റെ തൊട്ടടുത്ത് ഒരു നാണയം വന്നു വീണു. ഈ അന്യഭാഷക്കാരൊക്കെ കൂടി ചീത്ത വിളിച്ചാലോന്ന് പേടിച്ച് ഞാൻ mind ചെയ്തില്ല. ഒരാൾ വന്ന് അതെടുത്ത് ഉമ്മ ഒക്കെ വെച്ച് കൊണ്ടുപോയി...എത്ര വിചിത്രമായ ആചാരങ്ങൾ!!!!
 queue ഒരു medium speed ൽ മുന്നോട്ടു നീങ്ങി. രഥം വലിക്കുന്ന കാരണം രസീത് counter കാണാൻ പറ്റിയില്ല, എന്നു പറഞ്ഞ് അദ്ദേഹം (ബഹുമാനം ലേശം കൂടിപ്പോയോ!! ) തിരിച്ചു വന്നു.. അപ്പോഴാണ് കണ്ടത്, ഞങ്ങൾ നിൽക്കുന്നതിനു പുറകിലായി ഒരു രഥത്തിൽ ദേവിയെ ഇരുത്തി വലിച്ചു കൊണ്ടുവരുന്നു - ഓരോ കുടുംബങ്ങളുടെ വഴിപാടാണത്രേ...അതിൽ നിന്നും പൂജിച്ച നാണയങ്ങൾ എറിയുന്നുണ്ട്. husband പോയി ഒരെണ്ണം catch ചെയ്തു. അത് കിട്ടുന്നത് ഭാഗ്യമാണെന്ന്..(ഏത്, ആദ്യം എൻ്റെ തൊട്ടടുത്ത് വന്ന് വീണ ........!! )


                                                      *     *     *     *     *

തൊഴുതിറങ്ങിയപ്പോൾ സമയം 10.45 ആവുന്നു. ഒരു സതീഷ് ഭട്ടിൻ്റെ നമ്പർ കയ്യിൽ ഉണ്ടായിരുന്നതിൽ വിളിച്ചു. അദ്ദേഹത്തിൻ്റെ വീട് കണ്ടുപിടിച്ചു ചെന്ന് പരിചയപ്പെട്ടു, തൊട്ടടുത്താണ്. സംസാരിച്ചു. തൊട്ടടുത്തുള്ള മഹാലക്ഷ്മിയിൽ കയറി നാൻ കഴിച്ചു, മുറിയിൽ ഉറങ്ങാൻ ചെന്നപ്പോൾ സമയം 12.30. വേഷം ഒക്കെ മാറി 2.30യ്ക്ക് അലാറം വെച്ച് കിടന്നു...

                                                         *     *     *     *     *
രണ്ടാംദിനം

 വെളുപ്പിന് ഉറക്കച്ചടവോടെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി 4.30യോടെ അമ്പലത്തിനു മുന്നിലെത്തിയപ്പോൾ വെളിയിൽ  നിന്നേ നീണ്ട queue....ഇവർക്കൊന്നും ഉറക്കം ഇല്ലേ....  !!!                                                                  
അകത്തുകയറിയപ്പോൾ നമ്മൾ സാധാരണ ചെയ്യും പോലെ അർച്ചനയ്ക് എഴുതി (കുങ്കുമാർച്ചന). പിന്നീടല്ലേ മനസ്സിലായത്അവിടെ വേറെ രീതിയാണെന്ന്. എല്ലാവരേം വിളിച്ചിരുത്തും. ഒരു പുള്ളി ഇരുന്ന് എന്തൊക്കെയോ ചൊല്ലുംചൊല്ലിക്കും. ഉഴിഞ്ഞിടാൻ അരി തരും - simple...!! ഒരേ കാര്യം തന്നെ ഒന്നുരണ്ടു ഭാഷയിലൊക്കെ അദ്ദേഹം പറയുന്നുണ്ട്..
                                                                *     *     *     *     *

തൊഴുതിറങ്ങിപ്രസാദം വാങ്ങി(ലഡുകുങ്കുമം) മുറിയിൽ പോയി പെട്ടെന്ന് വേഷം മാറിതലേന്ന് കഴിച്ച അതേ സ്ഥലത്തു നിന്ന് കഴിച്ച്അമ്പലത്തിന് താഴെയുള്ള junctionൽ എത്തികുടജാദ്രിക്കു പോകാൻ... (അതായിരുന്നു യാത്രയിലെ highlight!!'കുടജാദ്രിയിൽ കുട ചൂടുമാ..... ' ഒക്കെ കേട്ട് excited ആയി ഇരിക്കുവാരുന്നു ഞാൻ..) ജീപ്പിലാണ് യാത്ര. 1.5 മണിക്കൂർ അങ്ങോട്ട്അവിടെ 1.5  മണിക്കൂർ, ഇങ്ങോട്ട് 1.5 മണിക്കൂർആകെ ഒരു അഞ്ച് മണിക്കൂർ കൂട്ടാം. ഒരാൾക്ക് 350+ടോളിന്റെ25 രൂപ extra. പക്ഷേഎട്ട് പേരുണ്ടെങ്കിലേ പോകൂഅഥവാ എട്ട് പേരുടെ ചാർജുണ്ടെങ്കിലേ പോകൂ.  ഞങ്ങൾ അഞ്ചു പേരേ ഉള്ളുബാക്കി മൂന്നുപേർ വരുന്നതും നോക്കി ഞങ്ങൾ നിന്നു. ആദ്യം ഒരു family  വന്നു. അവർക്ക് കുടജാദ്രിയിൽ പോകാൻ താത്പര്യമില്ലെന്ന് (ഹിന്ദിക്കാരാ)... പിന്നേം നിന്നപ്പോൾദാണ്ടെ വരുന്നുഒരച്ഛനും അമ്മേം മോനും മലയാളികൾ മൂന്നുപേർ , correct match.. പുള്ളി പക്ഷേ പൈസ കുറച്ചാലെ വരൂന്ന്. പണ്ട് 300 ആരുന്നത്രേടോളിൻ്റെ 25 പുതിയതാണ്ഒരു വണ്ടി പോകാൻ യാത്രക്കാരെല്ലാം എന്തിന് 25 വെച്ച് കൊടുക്കണം (point!!!) എന്നെല്ലാം തുടങ്ങി. അദ്ദേഹത്തിന് ഇന്നിനി വേറെ പ്രോഗ്രാമൊന്നുമില്ല. നമ്മടെ കാര്യം അങ്ങനല്ലപരദേവത പയ്യന്നൂര് കാത്തിരിക്ക്യാ. അതുകൊണ്ട് 8.30 വരെ നിന്നിട്ട് ഞങ്ങൾ ആ മോഹം cancel ചെയ്തു. എന്റെ ചെവിയിൽ ആ പാട്ട് മുഴങ്ങി. ദു:ഖവെള്ളിയായിട്ട് ദു:ഖം തന്നാണല്ലോ ദേവീ... അല്ലെങ്കിലും ഈ നട്ടപ്ര വെയിലത്ത് അവിടെ പോയിട്ട് കാര്യമില്ലെന്ന് ഞാൻ എന്നെ ആശ്വസിപ്പിച്ചു.
അവിടുന്നിറങ്ങി. രാത്രിയിൽ കാണാൻ പറ്റാതിരുന്ന കാട്ടിലൂടെയുള്ള വഴി അപ്പോഴും കണ്ടില്ലഞാൻ ഉറങ്ങിപ്പോയി. ഇടയ്ക്ക് വിളിച്ചപ്പോഴാണ് ഉണർന്നത്. നോക്കിയപ്പോൾ ഒരു ക്ഷേത്രം... ഗൂഗിളിൽ നോക്കി ആ സമയത്ത് തുറന്നിരിക്കുന്ന ക്ഷേത്രം കണ്ടുപിടിച്ചതാണ്മധൂർ സിദ്ധിവിനായക ക്ഷേത്രം  .  ഒരു പഴയ വളരെ വലിയ അമ്പലം.  ഗണപതി ഉപദേവതയാണ് (ശിവനാണ് main) അവിടെ നല്ല തിരക്ക്. അങ്ങോട്ടു ചെന്നുകൂട്ടത്തിൽ സാറിനെപ്പോലെ തോന്നിയ ഒരാളോട് husband അവിടുത്തെ ഐതിഹ്യം ചോദിച്ചു. ഞാനും അമ്മമാരും അതു കേൾക്കാൻ വേണ്ടി അങ്ങോട്ട് തിരിഞ്ഞുനിന്നു. പെട്ടെന്ന് പുറകിലൂടെ എന്റെ കൈമുട്ടിന് നല്ല ശക്തിയിൽ ഒരിടി കിട്ടി... ഇതാരപ്പാ എന്ന് കരുതി തിരിഞ്ഞു നോക്കിയപ്പോൾ ഒരു പശു!!!(ഭാഗ്യമാണെന്ന് വിചാരിച്ചേക്കാം ല്ലേ.. അല്ലാതെന്തു ചെയ്യാൻ) 10-15 മിനിറ്റ് നേരത്തേക്ക് നല്ല വേദനയാരുന്നു...
പൂജ കഴിഞ്ഞതും ആളുകൾ മൂന്ന് സ്ഥലത്തായി queue  തുടങ്ങി. എന്താ സംഭവം ന്ന് മനസ്സിലായില്ല.. ഞങ്ങൾ ചുറ്റി നടന്ന് നോക്കി. ഒന്ന് പ്രസാദം വാങ്ങാൻ (അപ്പം അവലൊക്കെ), ഒന്ന് വഴിപാട് രസീതുമായി നിൽക്കാൻ - കാര്യസിദ്ധിയാണ് അവിടെ പ്രധാനം. ഒരു പൂജാരി മന്ത്രം ചൊല്ലി, പ്രസാദവും അനുഗ്രഹവും തരും. പിന്നൊന്ന് നടയ്ക്കൽ നിന്ന് തൊഴാനാണ്  (queue നിൽക്കാതെയും നടയ്ക്കൽ നിന്ന് തൊഴാമെന്നിരിക്കെ queue നിൽക്കുന്നതിന്റെ ആവശ്യകത പിടികിട്ടിയില്ല). ഞങ്ങൾ അപ്പം അവൽ queueൽ നിന്നു. അവിടെ അന്നദാനം ഉണ്ടെന്നു മനസ്സിലായി, പക്ഷേ, വൈകുമെന്ന് തോന്നിയതിനാൽ പ്രസാദം വാങ്ങി ഞങ്ങൾ ഇറങ്ങി. കാറിൽ ഇരുന്ന് നെറ്റിൽ നോക്കിയപ്പോൾ കണ്ടു, ടിപ്പു സുൽത്താൻ വാളുകൊണ്ട് വെട്ടിയ പാടൊക്കെ അവിടെ ഉണ്ടായിരുന്നത്രേ.. ശ്ശെ, ഇതൊക്കെ ആദ്യമേ വായിക്കണമായിരുന്നു...
സമയം 2.30യോടടുത്തപ്പോഴാണ് ഊണ് കഴിക്കാൻ കയറിയത്, കാഞ്ഞങ്ങാടാണെന്ന് തോന്നുന്നു. വിശന്ന് കണ്ണിൽ ഇരുട്ട് കയറിയതുകൊണ്ട് ഹോട്ടലിന്റെ പേര് ഒന്നും ശ്രദ്ധിച്ചില്ല. ഒരു സാദാ ചെറിയ Local  ഹോട്ടൽ, പക്ഷേ, നല്ല ഊണായിരുന്നു-ഒന്നുരണ്ട് കറികളേ ഉണ്ടായിരുന്നുള്ളെങ്കിലും (വിശപ്പുകൊണ്ടുകൂടിയാവും). ഊണ് കഴിഞ്ഞപ്പോൾ പെട്രോൾ അടിച്ച കാറ് പോലെയായി. പാട്ടൊക്കെ കേട്ട് രസിച്ച്, കഴിക്കാൻ കൊണ്ടു വന്ന പേരയ്ക്ക (ചൂട് കൊണ്ട് കറുത്ത്, വാടി പഴുത്തിരുന്നു), ആപ്പിൾ, ഓറഞ്ച് ഒക്കെ എടുത്ത് കഴിച്ചു....(ഇതൊക്കെ അങ്ങ്ന്നേ കെട്ടിപ്പെറുക്കി കൊണ്ടുവന്നതാട്ടോ, കൂടെ കുറച്ച് കായ വറുത്തതും, കപ്പ വറുത്തതും പഴം വറുത്തതും പിന്നെ ഒരു കത്തിയും കത്രികയും, full setupൽ ആണ്). മൂകാംബികയിൽ നിന്നെടുത്ത നനഞ്ഞ തോർത്തൊക്കെ കാറിന്റെ ചില്ലിൽ ഒക്കെ തൂക്കിയിട്ടു, ഉണങ്ങുവേം ചെയ്യും അമ്മമാർക്ക് വെയിലും അടിക്കില്ല. കൊണ്ടുവന്ന അഞ്ച് കുപ്പി വെള്ളവും തലേന്നേ തീർന്നിരുന്നു, അതുകൊണ്ട് ഇടയ്ക്ക് വെള്ളം വാങ്ങി.
നേരേ പയ്യന്നൂർക്ക്, അവിടെ അമ്മയുടെ ചിറ്റയുണ്ട്(എന്റെ അമ്മയുടെ, അമ്മയുടെ അനിയത്തി, പക്ഷേ അമ്മയ്ക്കൊപ്പം കോളേജിൽ പഠിച്ചതാണ്!!!! friends!!! - അന്ത കാലം!!
ചെന്നപ്പോൾ സമയം അഞ്ചുമണി... ചായ കുടിച്ച്, അവലുപ്പുമാവും കഴിച്ച്, കുളിച്ച്, റെഡിയായി, ഓട്ടപ്രദക്ഷിണത്തിന് ഇറങ്ങി... ഞങ്ങളുടെ പ്ളാനിൽ ഇല്ലാതിരുന്ന, എന്നാൽ പോകേണ്ടതുമായ ഒന്നുരണ്ട് അമ്പലങ്ങൾ ചിറ്റ പറഞ്ഞുതന്നു. (ഇനി ഈ വഴിക്കൊക്കെ എന്നാണെന്നാർക്കറിയാം, അതുകൊണ്ട് പറ്റുന്നിടത്തൊക്കെ പോവ്വന്നെ..
ആദ്യം പോയത് കാഞ്ഞിരങ്ങാട് വൈദ്യനാഥക്ഷേത്രത്തിലേക്കാണ്. വളരെയധികം പഴക്കമുള്ള ക്ഷേത്രം (തൊട്ടാൽ വീഴുമോ എന്ന് സംശയം തോന്നുന്നത്ര പഴയത്...) ചുവർചിത്രങ്ങളെല്ലാം അടർന്നുവീണിരിക്കുന്നു. എന്നാൽ മനസ്സിന് ഒരുതരം കുളിർമ തോന്നുന്ന ചൈതന്യം.... ഒരുപാട് പടികൾ ഉണ്ട്, ചുറ്റിക്കാണാനും ഉണ്ടെന്ന് തോന്നി, ഒന്നിനും പറ്റിയില്ല. വേഗം തൊഴുതിറങ്ങി, അടുത്ത സ്ഥലത്തേക്ക്.. തൃച്ചംബരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ഒരു വലിയ അമ്പലം... ശ്രീകോവിലിലേക്ക് നോക്കി തൊഴുതപ്പോൾ ഗുരുവായൂര് നിൽക്കുന്ന പ്രതീതി... അതേപോലെ തന്നെ....!!! അവിടുന്നും പെട്ടെന്നിറങ്ങി.... ഇനിയാണ് main, രാജരാജേശ്വര ക്ഷേത്രം.. അവിടെ അത്താഴപ്പൂജയ്ക്ക് ശേഷം ഒരല്പസമയത്തേക്കേ സ്ത്രീകളെ കയറ്റൂ എന്നുള്ളതിനാലാണ് ഈ ഓട്ടം അത്രയും ഓടിയത്... ഭാഗ്യത്തിന് ഈ മൂന്ന് ക്ഷേത്രങ്ങളും അടുത്തായിരുന്നു.. ഏകദേശം 6 km വ്യത്യാസമേ തമ്മിലുള്ളു... അതുകൊണ്ട് 7 മണി കഴിഞ്ഞപ്പോഴേക്കും ഞങ്ങളെത്തി. നേരേ കണ്ട ബോർഡിൽ സ്ത്രീകളെ കയറ്റുന്ന സമയം 7.30 എന്നു കണ്ടു... ഇനി കാത്തിരിക്കണമല്ലോ എന്ന് മനസ്സിൽ വിചാരിച്ചപ്പോഴേക്കും സെക്യൂരിറ്റി വന്ന് പറഞ്ഞു ഇപ്പോൾ 7 മുതൽ കയറ്റുമെന്ന്, ഹാവൂ... സ്ത്രീകൾ കയ്യിൽ നെയ്യമൃതോടെ queue നിൽക്കണം, ഒന്ന് തൊഴാം, നെയ്യമൃത് സമർപ്പിക്കാം, ഭസ്മം വാങ്ങാം, തിരിച്ചിറങ്ങാം.. വേറൊന്നുമില്ല, പ്രദക്ഷിണം പോലും ഇല്ല (അകത്തും പുറത്തുമില്ല). പ്രസാദം തരുന്ന അദ്ദേഹം നാടും വീടുമെല്ലാം തിരക്കി, ചടങ്ങുകളും രീതികളും വിശദീകരിച്ചു തന്നു, അവിടെ ഒരു സമയത്തും ബ്രാഹ്മണ സ്ത്രീകളെ കയറ്റില്ലത്രേ....!!!! ഒരിക്കലെങ്കിലും പോകേണ്ട അമ്പലം തന്നെയാണ് ട്ടോ... അതിഗംഭീരം.... ഉയർന്ന ചുറ്റുമതിലൊക്കെ കാണാനുണ്ട്... ഇപ്പോൾ പോയ മൂന്ന് അമ്പലങ്ങളും വളരെ വളരെ വലുതും ഒരുപാടൊരുപാട് പഴയതും, എന്നാൽ വളരെ ചൈതന്യവത്തുമാണ്... പഴക്കം മൂലം നശിച്ചു തുടങ്ങിയ ചുമർചിത്രങ്ങളും ചെങ്കല്ലിൽ തീർത്ത കൊത്തുപണികളും കണ്ടു..  ശ്രീകോവിൽ സാധാരണയേക്കാൾ ഒരല്പം കൂടി ഉയർന്നതാണ്..
പോയില്ലാരുന്നെങ്കിൽ നഷ്ടമായേനേ...
തിരിച്ച് ചിറ്റയുടെ അടുത്ത് ചെന്ന് അത്താഴം കഴിഞ്ഞ് കട്ടിൽ കണ്ടതു മാത്രേ ഓർമ്മയുള്ളു...
                                                 *     *     *     *     *


മൂന്നാം ദിനം

    വളരെ നേരത്തെ എഴുന്നേൽക്കാൻ വയ്യെന്ന് ഐക്യകണ്ഠേന തലേന്ന് രാത്രി തീരുമാനിച്ചിരുന്നു.. അതുകൊണ്ട് ഏഴ് ഏഴര ഒക്കെ ആയിട്ടേ ഇറങ്ങിയുള്ളു.... നേരെ പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക്..... അവിടെ ചെന്ന് പെട്ടെന്ന് തൊഴുതിറങ്ങാനായിരുന്നു plan. ചെന്നപ്പോഴോ, അവിടെ നടയടച്ച് കൊട്ടിപ്പാടുന്നു.... ഒരുപാട്ടു കഴിഞ്ഞു, രണ്ട് കഴിഞ്ഞു..... കാല് വേദന എടുത്തു തുടങ്ങി... അപ്പോൾ ദാ വരുന്നു, എന്റെ favourite പാട്ടൊരെണ്ണം.. വേദാനുദ്ധരതേ ജഗന്നിവഹതേ ഭൂഗോളമുദ്ബിഭ്രതേ..... ലേശം ഉഷാറായി.... (സുബ്രഹ്മണ്യന്റ പാട്ട് തീർന്നു പോയിരിക്കും, അല്ല പാടുന്നയാൾക്കും ഇത് ഇഷ്ടമായിരിക്കും.....) തൊഴുതിറങ്ങിയപ്പോൾ husband  ന് nostalgia... അവർ കുടുംബത്തോടെ, ചെറുപ്പത്തിൽ കുറേക്കാലം ഈ അമ്പലത്തിനടുത്ത് താമസിച്ചിരുന്നതാണ്... (രണ്ടാം ക്ലാസ്സു വരെ പഠിച്ചതിന്റെ nostalgiaയേ...) പക്ഷേ ചുറ്റി നടന്ന് ഓർമ്മകൾ അയവിറക്കാൻ നമുക്ക് സമയമില്ലാത്തോണ്ട് കാറിലിരുന്ന് അയവിറക്കാംന്ന് വെച്ചു.... അടുത്തതായി അറത്തിൽ ബാലഭദ്ര ക്ഷേത്രം, സന്താന ദുർഗ്ഗയാണ് (ഞങ്ങളുടെ ഒക്കെ പരദേവതയാണ് ട്ടോ..) വളരെ ചെറിയ ഒരമ്പലം.. പ്രധാന വഴിപാടായ നെയ്യ് വിളക്കിന് എഴുതി.. തൊഴാൻ ഞങ്ങൾ മാത്രമേയുള്ളങ്കിലും മേൽശാന്തിക്ക് വല്ലാത്ത തിരക്ക്!!! അങ്ങോട്ടു നടക്കുന്നു, ഇങ്ങോട്ടു നടക്കുന്നു... ഹോ... ഞങ്ങൾ വേഗം ഇറങ്ങി... ചിറ്റയുടെ സ്ഥലം അമ്പലത്തിനോടു ചേർന്നാണ് (അവിടെയുള്ളവർക്ക് അതൊക്കെ നടക്കാനുള്ള ഏറ്റവും അടുത്ത് ദൂരമാണ്!) അവിടേക്ക് പോകും വഴി മറ്റൊരു ബന്ധുവിന്റെ അടുത്തും കയറി... (ചിറ്റയുടെ ഏറ്റവും അടുത്ത അയൽക്കാരാണ്.. ഇത്രേം അകലെയുള്ള അയൽക്കാരെ ഞാൻ ആദ്യമായാണ് കാണുന്നത്..!! ഇത്രക്ക് അടുത്ത് ഞങ്ങൾക്കിവിടെ കവലയുണ്ട്...!!!) വലിയ ദോശക്കല്ലിൽ ഒഴിച്ച ആനദോശ ഓരോന്ന് കഴിച്ചു.. ചിറ്റയുടെ അടുത്തു ചെന്ന് ഇഡ്ഡലിയും കഴിച്ചു, എല്ലാം എടുത്ത് യാത്ര പറഞ്ഞിറങ്ങി..  ചെറുതാഴം ശ്രീരാഘവേശ്വര ക്ഷേത്രം... അതായിരുന്നു ലക്ഷ്യം... പ്രധാന പ്രതിഷ്ഠ ശ്രീരാമനെങ്കിലും പ്രസിദ്ധം ഉപപ്രതിഷ്ഠയായ ഹനുമാൻ ആണ്, ഹനുമാരമ്പലംന്നാണ് നാട്ടുഭാഷയിലെ പേരുതന്നെ. പുനരുദ്ധാരണം നടന്നുകൊണ്ടിരിക്കുന്നു... അവിടുത്തെ മേൽശാന്തിയദ്ദേഹത്തിന് ഞങ്ങളെ കണ്ടപ്പോഴേ മനസ്സിലായി ഇവിടെങ്ങുമുള്ളവരല്ലെന്ന്. അദ്ദേഹം അവിടുത്തെ പ്രതിഷ്ഠ, ആചാരങ്ങൾ, വഴിപാടുകൾ എല്ലാം പറഞ്ഞുതന്നു. തിരുവല്ലയിലെ രാഘവേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠ ഈ ക്ഷേത്രത്തിനു സമാനമത്രേ.. ഗദ വഴിപാടും അവൽ വഴിപാടും കഴിപ്പിച്ചു. അന്നദാനം ഉണ്ടെന്ന് ഓഫീസിലുള്ളവർ പറഞ്ഞെങ്കിലും ഞങ്ങൾവേണ്ടെന്നു പറഞ്ഞിറങ്ങി... പിന്നെ പോയത് ചെറുകുന്ന് അമ്പലത്തിലേക്കാണ്... സാമാന്യം വലിയ അമ്പലമാണ്, ആളുകളുമുണ്ട്... കൃഷ്ണനും ദേവിയുമുണ്ട്, അന്നപൂർണ്ണേശ്വരി ദേവിയാണ് പ്രശസ്തം, ദേവിനടയിലെ അന്നദാനവും പ്രശസ്തമാണ്, വിശിഷ്ടവും....
 പുറത്തുനിന്നും ദേവിക്കു മുന്നിലേക്ക് നേരിട്ട് പ്രവേശനം ഇല്ല, കൃഷ്ണനെ തൊഴുതിട്ട് അരികത്തുള്ള വാതിൽ വഴിയാണ് അപ്പുറത്തേക്ക് കടക്കുക... അവിടുത്തെ അന്നദാനം കഴിച്ച് മനസ്സ് നിറഞ്ഞ് ഇറങ്ങി....
കുടജാദ്രിയിൽ പോകാൻ കഴിയാത്ത സങ്കടത്തോടെ, എന്നെങ്കിലും പോകാൻ പറ്റുമെന്ന ശുഭാപ്തി വിശ്വാസത്തോടെ, പൂർണ്ണ സംതൃപ്തിയോടെ ഒരു മടക്കയാത്ര....

-----Anonymous-----