Thursday, December 20, 2018

മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ.....


     വീടിനു മുന്നിലെ നാടൻ വഴികളിൽ മഴ പെയ്യുന്നതു കാണുമ്പോൾ പണ്ടു പഠിച്ച ഒരു favourite മഴപ്പാട്ട് ഓർമ്മ വരും...

'മഴപെയ്യും മുറ്റമൊക്കെ, മാറും വൻകടലായിനി.
പറമ്പും പാടവും ചേർന്നു പരപ്പതിനു കൂടിടും.
കടലാസാലുടൻ തീർക്കും കപ്പൽ, ഞാനതിലെൻ്റെ പേർ
നക്ഷത്രം പോലെ വലുതായ്, നല്ല പോലെ കുറിച്ചിടും...'

ജി.ശങ്കരക്കുറുപ്പിൻ്റെ വരികൾ..... പണ്ടെന്നോ സ്കൂളിൽ പഠിച്ചതാണ്.
*        *        *

സ്കൂളിലേക്ക് നടന്നാണ് പോകുന്നത്; അടുത്തവീടുകളിലെ ചേട്ടന്മാരും ചേച്ചിമാരും കൂട്ടുകാരും കൊച്ചുപിള്ളേരും എല്ലാവരും ഒരുമിച്ച് ഗ്രൂപ്പായി.....


. കുറച്ച് ദൂരം ഒരു റബ്ബർ തോട്ടമാണ്, ഒത്തനടുക്ക് പഴയ ദേവീക്ഷേത്രം - സിനിമകളിലൊക്കെ കാണുന്ന പോലത്തെ സീൻ.. ചെറിയൊരു നടപ്പാതയേ ഉള്ളൂ. രാത്രിയിലെ മുട്ടൻ മഴയത്ത് പുൽത്തുമ്പിൽ കുടുങ്ങിപ്പോയ മഴത്തുള്ളികൾ കാണാം. അത് പറിച്ചെടുത്ത് കണ്ണിൽ വെയ്ക്കും... ആഹാ... എന്തു തണുപ്പാണതിന്, ജെല്ലി പോലത്തെ പരുവവും.... (മഴ പെയ്യുമ്പോൾ സന്തോഷിക്കുന്ന തവളകളുടെ മൂത്രം ആണത് എന്നൊരപഖ്യാതിയും ഉണ്ട് ട്ടോ....)
 റബ്ബർ തോട്ടം കഴിഞ്ഞാൽ പാടത്തിനു(വയൽ)  നടുവിലൂടെയുള്ള വഴിയാണ് (വഴിയെന്നൊന്നും വിളിക്കാനില്ല, വരമ്പിന് വീതി ശകലം കൂടുതലുണ്ടെന്നു മാത്രം...). ഇടയിൽ മുറിച്ചു കടക്കാൻ രണ്ട് തോടും ഉണ്ട്. വെള്ളം കുറവാണെങ്കിൽ ചാടി കടക്കാനുള്ളതേ ഉള്ളൂ, മഴപെയ്താൽ തീർന്നു.... നിറയെ വെള്ളം കാണും, നല്ല ഒഴുക്കും. അതിൽ ഇറങ്ങി, യൂണിഫോമൊക്കെ  മുട്ടിനു മുകളിൽ നച്ചേ അന്ന് സ്കൂളിലെത്തൂ... തോടിനരികിൽ നിറയെ സത്യപ്പുല്ലുണ്ട്, അത് പറിച്ച് കൈയ്യിൽ വെച്ചാൽ അടി കിട്ടില്ലെന്നാണ് വിശ്വാസം...
പാടത്തു നിന്നും പെരിയാർ വാലി കനാലിനടുത്തെത്തുമ്പോഴേക്കും പലഭാഗത്തു നിന്നുള്ള ഗ്രൂപ്പുകൾ ഒന്നു ചേർന്ന് വലിയ ജാഥയായി മാറിയിട്ടുണ്ടാകും... സത്യപ്പുല്ല് പറിക്കാൻ പറ്റിയില്ലെങ്കിൽ പേടിക്കേണ്ട, വേറൊരു സൂത്രവിദ്യയുണ്ട്- കനാലിൽ അമ്പിൻ്റെ രൂപമുള്ള ഒരു മീനുണ്ട്, കോലേക്കുന്തൻ. അതിനെ 3 എണ്ണം കാണാൻ പറ്റിയാൽ രക്ഷപ്പെട്ടു...

*        *        *

ഓടിട്ട ക്ലാസ്സാണ്, ചോർച്ചയുണ്ട്... അതുകൊണ്ട് ബഞ്ചും ഡസ്കുമെല്ലാം തലങ്ങും വിലങ്ങും ഇടും.... തൊട്ടു പുറകിൽ ഇരുന്നവരെയൊക്കെ നേരേ കാണാൻ കിട്ടുന്ന അവസരം... കുടകൾ നിരത്തിവെച്ചതിനു പിന്നാലെയാണിത്, അതുകൊണ്ട് അന്ന് ക്ലാസിൽ തീരെ സ്ഥലം കാണില്ല.. ക്ലാസ്സ് സമയത്തു മഴ പെയ്താൽ പിന്നെ കുശാലാണ്, ഒന്നും കേൾക്കാൻ പറ്റാത്തതുകൊണ്ട് പഠിപ്പിക്കൽ നിർത്തും....

രാവിലെ സ്കൂളിലെത്താൻ അരമണിക്കൂർ മതിയെങ്കിൽ, വൈകുന്നേരം വീട്ടിലെത്താൻ ഒന്നര മണിക്കൂർ വേണം.. തോട്ടിലിറങ്ങി കാല് കഴുകും, കടലാസ് കപ്പൽ നീറ്റിലിറക്കും, കുടയിൽ വെള്ളം പിടിച്ച് കളിക്കും... ആ റബ്ബർ തോട്ടത്തിൽ ഒളിച്ചു കളി കളിക്കും....
മുത്തശ്ശി ജനലിൽ കൈയ്യും പിടിച്ച് പടിക്കലേക്കു നോക്കി നിൽപ്പുണ്ടാവും.

*        *        *


ഇടിയും മിന്നലുമുണ്ടെങ്കിൽ ഈ രസം കുറച്ചു കുറയും... മിന്നൽ വരുമ്പോൾ പേടിച്ച് പ്രതിമ പോലെ നൽക്കുന്ന ഒരു കൂട്ടുകാരി ഉണ്ടായിരുന്നു, വേറൊരാളാകട്ടെ ‘ദേ ഫ്ലാഷടിക്കുന്നു, ചിരിച്ചോ’ എന്ന് പറയുമായിരുന്നു....
(മാനത്തച്ഛൻ പത്തായത്തിൽ തേങ്ങ പെറുക്കി ഇടുന്ന ശബ്ദമാണത്രേ ഇടി – ഒന്നിൽ പഠിച്ച കവിതയാ..)

*        *        *

ക്ലാസില്ലാത്ത ദിവസമാണെങ്കിൽ കുറേ നേരം പുതച്ചു മൂടി കിടന്നുറങ്ങും (സ്വാഭാവികം), കപ്പലുണ്ടാക്കി കളിക്കും, വൈകീട്ട് മഴ കണ്ടു കൊണ്ട് അച്ഛനുണ്ടാക്കിയ ബജി കഴിക്കും; ഏറ്റവും രസം അച്ഛനൊപ്പം ഇരുന്ന് മഴ കാണാനാണ് – അടയ്ക്കാ മരം (കവുങ്ങ്) കാറ്റത്ത് വില്ലു പോലെ വളയുന്നതും, മാവ് കുലുങ്ങിക്കുലുങ്ങി ഡാൻസ് ചെയ്യുന്നതും തെങ്ങുകൾ തമ്മിൽ മുഖമുരയ്ക്കുന്നതും........


-----Anonymous-----

ദേ, പിന്നേ, 
ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും രസകരമായ മഴപ്പാട്ട് ഏതാണെന്ന് പറയട്ടെ –
 ‘മഴക്കാലമായിട്ടും മഴപെയ്യാത്തതെന്തെടോ, 
പാറപ്പുറത്തു പങ്ങുണ്ണി പല്ലു തേക്കാത്ത കാരണം....
എന്താല്ലേ.....!!!!!

No comments:

Post a Comment